മാഞ്ചസ്റ്റർ:ചരിത്രം ആവർത്തിച്ചു.ഏഴാംവട്ടവും പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം.89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടി.രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ വിരാട് കോലി (77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.78 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ചുറി നേടിയിരുന്നു.മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ രസംകൊല്ലിയായി മഴയെത്തുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍.