പാലാ:പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി എൽഡിഎഫ്. 54 വര്‍ഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ.യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പന്‍ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51,194 വോട്ട് നേടിയപ്പോള്‍ മാണി സി കാപ്പന്‍ 54,137 വോട്ട് ലഭിച്ചു. എന്‍.ഡി എ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്ക് 18,044 വോട്ടാണ് ലഭിച്ചത്. പാലായുടെ ചരത്രത്തില്‍ ആദ്യമായാണ് കെ.എം മാണി അല്ലാത്ത ഒരു നേതാവിനെ നിയമസഭയിലേക്ക് എത്തിക്കുന്നത്. പത്ത് ഗ്രാമ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നിട്ടുനിന്നപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സര്‍വേകളില്‍ മുന്‍തൂക്കം. സര്‍വേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പന്‍ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചില്‍, കൊഴുവനേല്‍ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പന്‍ തന്നെയായിരുന്നു മുന്നില്‍. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എന്‍.സി.പി നേതാവാണു മാണി സി.കാപ്പന്‍.