India, News

അയോധ്യയിൽ ചരിത്ര വിധി;തർക്കഭൂമി ഹിന്ദുക്കൾക്ക്;മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകും

keralanews historic verdict in ayodhya case the disputed land will be given to hindus land will be given to muslims instead

ന്യൂഡൽഹി:അയോദ്ധ്യ കേസിൽ നിർണായക വിധി വന്നു.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്.അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങൾക്ക് പകരം ഭൂമി നല്‍കാമെന്നുമാണ് സുപ്രധാന വിധി.പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്ലീംങ്ങള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് സ്ഥലം കൊടുക്കണം.ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണം. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോർട്ട് തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ബാബരി മസ്ജിദ് പണിതത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ അല്ല. ആ കെട്ടിടത്തിന്റെ അടിയിലുണ്ടായിരുന്ന അവഷിഷ്ടങ്ങള്‍ ഇസ്ലാമികമല്ല എന്നതിനു തെളിവുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക സ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നു ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്നതിന് തെളിവുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയില്‍ ബ്രിട്ടിഷ് കാലത്തിനു മുമ്ബുതന്നെ ഹിന്ദുക്കള്‍ ആരാധാന നടത്തിയിരുന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

രാമജന്മ ഭൂമിയെ നിയമ വ്യക്തിത്വമായി അംഗീകരിക്കണമെന്ന നിര്‍മോഹി അഖാഡയുടെ വാദം കോടതി അംഗീകരിച്ചില്ല. നിര്‍മോഹി അഖാഡ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച്‌ ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1946ലെ ഫൈസാബാദ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നത്.40 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്് കേസില്‍ വിധി പറഞ്ഞത്.അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്.

Previous ArticleNext Article