കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതായി സൂചന.മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചു. ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനെയും പോലീസ് അറസ്റ്റ് വിവരം അറിയിച്ചു. കോട്ടയം എസ്.പി രണ്ടരയോടെ അറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കും.കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന് ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് വെള്ളിയാഴ്‌ച ഉച്ചയോടെ അറസ്‌റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നത്. അതേസമയം നടപടിക്രമങ്ങള്‍ തുടരുകയാണെന്നും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡിജിപിയുടെ ഓഫീസില്‍നിന്നും അറിയിച്ചു.വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തി. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്.ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴി തൃപ്തികരല്ലെന്നാണ് പൊലീസ് വിലയിരുത്തിയിരുന്നത് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ബിഷപ്പിന് നല്‍കാനായില്ല.കോട്ടയം എസ്പിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും നേതൃത്വത്തില്‍ രണ്ടു സംഘമായി തിരിഞ്ഞ് നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഒന്നാംഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് തയ്യാറാക്കിയിരുന്നത്. നാലു ക്യാമറകളിലൂടെ ഇത് പകര്‍ത്തുകയും ചെയ്തു. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും സൗകര്യമുണ്ടായിരുന്നു.