കണ്ണൂര്‍: കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയത് ബംഗ്ലാദേശികളടങ്ങുന്ന ബംഗ്ലാ ഗ്യാങ് ആണെന്ന് പോലീസ്. 50 പേരിലേറെയുള്ള വന്‍ സംഘമാണിത്. ഇവരില്‍ പലരും കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരം പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ വിലാസം നല്‍കുകയും പലയിടത്തായി കവര്‍ച്ച നടത്താന്‍ കറങ്ങുകയും ചെയ്യുന്ന ബംഗ്ലാദേശികളാണ് ഇതിലുള്ളത്. ഈ സംഘത്തിലുള്‍പ്പെട്ടവരാണ് കണ്ണൂരില്‍ കൊള്ള നടത്തിയതെന്നാണ് നിഗമനം.വ്യാഴാഴ്ച പുലര്‍ച്ചെയാണു മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനെയും ഭാര്യ പി.സരിതയെയും താഴെചൊവ്വയിലെ വീട്ടില്‍ മര്‍ദിച്ചു കെട്ടിയിട്ടു നാലംഗ സംഘം 30 പവന്‍ സ്വര്‍ണ്ണവും 15000 രൂപയും മൊബൈൽ ഫോണുകളും എ ടി എം കാർഡുകളും വീട്ടുപകരണങ്ങളും കവര്‍ന്നത്.അക്രമത്തിൽ പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്.ആക്രമിച്ച് കീഴടക്കുകയും കൊള്ളനടത്തുകയും ചെയ്യുന്ന രീതി ഏതൊക്കെ സംഘങ്ങള്‍ക്കുണ്ടെന്ന പരിശോധനയാണ് അന്വേഷണസംഘത്തെ ബംഗ്ലാദേശികളിലെത്തിച്ചത്. തമിഴ്‌നാട്ടിലെ അയ്യനാര്‍ ഗാങ്, മഹാരാഷ്ട്രയിലെ ശ്രീകാമ്ബൂര് ടീം എന്നിവരൊക്കെയാണ് ബംഗ്ലാദേശിസംഘത്തിനു പുറമെ ഈ രീതിയിൽ കവര്‍ച്ച നടത്തുന്ന സംഘങ്ങൾ. തിരുവനന്തപുരം, എറണാകുളം, കണ്ണൂരിലെ പള്ളിക്കുന്ന് എന്നിവിടങ്ങളിലൊക്കെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവമുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ശ്രീകാമ്ബൂര്‍ ടീമായിരുന്നു ഇതിനുപിന്നില്‍. ഇവരാകാം വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ചതും കെട്ടിയിട്ട് കവര്‍ച്ച നടത്തിയതെന്നുമുള്ള സംശയം പോലീസിനുണ്ടായിരുന്നു. പക്ഷേ, മോഷണം നടത്തുന്ന വീട്ടിലെ കാറുപയോഗിച്ച് പാതിവഴിയെങ്കിലും രക്ഷപ്പെടുകയെന്ന രീതി ഇവര്‍ക്കുണ്ടെന്നാണ് മഹാരാഷ്ട്രയിലെ പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ വിവരം. വിനോദ് ചന്ദ്രന്റെ കാർ നഷ്ടപ്പെട്ടിട്ടില്ല. അത് മോഷ്ടിക്കാനുള്ള ശ്രമം നടന്നിട്ടുമില്ല.ഇതോടെയാണ് ബംഗ്ലാദേശി സംഘത്തിലേക്ക് അന്വേഷണം നീങ്ങിയത്. ഈ സംഘത്തിലെ ഒരുവിഭാഗം കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. മൂന്നോ നാലോ കവർച്ചകൾ നടത്തി മടങ്ങുന്ന രീതിയാണ് ഇവർക്കുള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലെ പോലീസുദ്യോഗസ്ഥരില്‍നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാൽ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും കണ്ണൂരിലേതിന് സമാനമായ കവര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സംശയവും പോലീസിനുണ്ട്.ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നുസംഘമായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവയിലുള്ള സാങ്കേതിക പരിശോധന, പ്രതികളെന്ന് സംശയിക്കുന്നവര്‍ രക്ഷപ്പെടാനുള്ള ശ്രമം തടയലും പിടിക്കാനുള്ള ഇടപെടലും, മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം എന്നിങ്ങനെയാണ് അന്വേഷണം പുരോഗമിക്കുന്നത്.