കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.റോഡുകള്‍ നന്നാക്കാന്‍ ഇനിയും എത്രപേര്‍ മരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി ആരാഞ്ഞു.യദുലാലിെന്‍റ മരണത്തിന് കാരണമായത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണ പരാജയമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.കുഴി അടക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവന്‍ നഷ്ടമായത്. മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണെന്നും ഹൈക്കോടതി പറഞ്ഞു. യദുലാലിെന്‍റ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇങ്ങനെ റോഡില്‍ മരിക്കുന്ന എത്രപേര്‍ പണം നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ വിലയിരുത്താന്‍ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. സമിതി ഈമാസം ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കണം.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് എന്‍ജിനീയര്‍മാരെ പൊതുമരാമത്ത് വകുപ്പ് സസ്പെന്‍ഡ് ചെയ്തു. നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ തോമസ്, എറണാകുളം സെക്ഷന്‍ അസി. എന്‍ജിനീയര്‍ കെ.എന്‍. സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.പി. സൈനബ, അസി. എന്‍ജിനീയര്‍ പി.കെ. ദീപ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.