Kerala, News

ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകള്‍ നിർബന്ധമാക്കുന്നു

keralanews high security number plate made compulsory for vehicles from april 1st

ന്യൂഡൽഹി:ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റജിസ്റ്റര്‍ ചെയ്യുമ്പോൾ മോട്ടോര്‍വാഹന വകുപ്പ് നമ്പർ നല്‍കും. ഇത് നമ്പർ പ്ലേറ്റില്‍ പതിച്ച്‌ ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാര്‍ക്കായിരിക്കും.നമ്പർ പ്ലേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിര്‍മാതാവിനു സമീപിക്കാം. റജിസ്ട്രേഷന്‍ നമ്പർ,എന്‍ജിന്‍, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റം വരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്ലാസ് മാറേണ്ടി വന്നാല്‍ പുതിയ സ്റ്റിക്കാറിനായി അംഗീകൃതര്‍ സര്‍വീസ് സെന്ററിനെ സമീപിക്കുകയും വേണം.‌നമ്പർ പ്ലേറ്റുകള്‍ക്ക് നിശ്ചിത അളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ മോഡല്‍ അനുസരിച്ച്‌ ഇവ ഘടിപ്പിക്കേണ്ട പ്രതലത്തില്‍ വ്യത്യാസമുണ്ട്. സാധാരണയായി നമ്പർ പ്ലേറ്റുകള്‍ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്.നമ്പർ പ്ലേറ്റുകൾക്ക്  ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനല്‍ രേഖകള്‍ ഹാജരാക്കിയാലേ നമ്ബർ പ്ലേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പർ  പ്ളേറ്റുകള്‍ നിര്‍ബന്ധമല്ല. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് ഘടിപ്പിക്കാം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ എല്ലാ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇതില്‍ പഴയവാഹനങ്ങളും ഉള്‍പ്പെടുമെങ്കിലും തത്കാലം പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കില്ല.എന്നാല്‍ ഭാവിയില്‍ ഘടിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്നത്.

Previous ArticleNext Article