തിരുവനന്തപുരം: ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെ യോഗം ഫലം കണ്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗമാണ് ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞത്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ യോഗത്തില്‍ അറിയിച്ചു.ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളെല്ലാം ഒറ്റക്കെട്ടായി ഏകീകരണത്തെ എതിര്‍ക്കുകയും ചര്‍ച്ച ബഹിഷ്കരിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം ഹൈസ്കൂള്‍ അധ്യാപകരുടെ പ്രതിപക്ഷ സംഘടനയും ഏകീകരണത്തെ എതിര്‍ത്തു. ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനെതിരെ ജൂണ്‍ മൂന്ന് മുതല്‍ സമരം ആരംഭിക്കുമെന്ന് അധ്യാപകസംഘടനാ പ്രതിനിധികള്‍ അറിയിച്ചു. വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ഇനി ചര്‍ച്ച നടത്തുമെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും സംയുക്ത അധ്യാപക സമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.