ന്യൂഡല്‍ഹി : ഉയര്‍ന്ന പെന്ഷന് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതിയുടെ ഉത്തരവ് പിന്‍വലിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) പുനഃപരിശോധനാ ഹര്‍ജിയിലാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. അതേസമയം, ഉയര്‍ന്ന പെന്ഷന് ശരിവെച്ച കേരള ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ ഇല്ല. ഇതിനെതിരേ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇ.പി.എഫ്.ഒ.യും നല്കിയ അപ്പീലുകളില്‍ ഫെബ്രുവരി 25-ന് പ്രാഥമിക വാദം നടക്കും.2018 ഒക്ടോബര്‍ 12-നാണ് ശമ്പളത്തിന് ആനുപാതികമായി പെന്ഷന് ഉറപ്പുവരുത്തുന്ന വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അതെ സമയം അപ്പീലുകള്‍ പ്രാഥമിക വാദത്തിനായി മാറ്റുകയാണ് ചെയ്തതെന്നും പ്രസ്തുത വിധി സ്റ്റേ ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി. അല്ലാത്തപക്ഷം പുനഃപരിശോധനാ ഹര്‍ജിയില്‍ നോട്ടീസയക്കേണ്ടിവരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.ഇ.പി.എസ്സിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാന്‍ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളയുകയാണ് ഹൈക്കോടതി ചെയ്തത്. ഇതോടെ മുഴുവന്‍ ശമ്പളത്തിനും ആനുപാതികമായി ഉയര്‍ന്ന പെന്ഷന് സാധ്യമാക്കുന്നതായിരുന്നു വിധി.2019 ഏപ്രില്‍ ഒന്നിന് സുപ്രീംകോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവാണ് നിലവില്‍ പിന്‍വലിക്കപ്പെട്ടത്.