Kerala, News

ഗതാഗത നിയമലംഘനത്തിന് ഉയർന്ന പിഴ; വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

keralanews high penalty for traffic violations the high level meeting convened by the chief minister today to discuss the matter was today

തിരുവനന്തപുരം:ഗതാഗത നിയമലംഘനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച ഉയർന്ന പിഴ ഈടാക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്.ഗതാഗത, നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കിയിരുന്നില്ല.എന്നാല്‍, കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്. പരമാവധി ഇത്ര തുക വരെ എന്നു നിര്‍ദ്ദേശിക്കുന്ന 11 വകുപ്പുകള്‍ക്ക് പിഴ തുക കുറയ്ക്കാന്‍ തടസ്സമില്ലെന്ന് നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്. ഹെല്‍മറ്റ് സീറ്റ് ബല്‍റ്റ് ഇല്ലാത്തതിനുള്ള 1000 രൂപ കുറയ്ക്കുന്നതിന് സംസ്ഥാനത്തിന് അധികാരമില്ല.അതേസമയം, കേന്ദ്ര ഭേദഗതി വന്നതിനു പിന്നാലെ പിഴ 50 % കുറച്ച്‌ മണിപ്പൂര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇതിന്റെ നിയമവശം പഠിച്ചു നടപ്പാക്കാനാണ് കേരളം ശ്രമിക്കുന്നത്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചർച്ച ചെയ്യും.ഇതിനിടെ, പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഇതുവരെ ഉത്തരവിറക്കിയല്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

Previous ArticleNext Article