കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊലചെയ്യപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ല, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണം എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.