തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീറാം ഓടിച്ച വാഹനമിടിച്ച് തിരുവനന്തപുരത്ത് വച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ കേസിന്റെ തെളിവുശേഖരണത്തിലടക്കം സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്.അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനത്തിന്റെ ക്രാഷ് ഡാറ്റ റെക്കോഡര്‍ പരിശോധിക്കും. കാര്‍നിര്‍മാതാക്കളായ വോക്‌സ്‌വാഗന്‍ അധികൃതരോട് പരിശോധനയ്‌ക്ക് തലസ്ഥാനത്ത് എത്താന്‍ പ്രത്യേക അന്വേഷക സംഘം ആവശ്യപ്പെട്ടു. അപകടസമയത്ത് വാഹനത്തിന്റെ വേഗത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രാഡ് ഡാറ്റ റെക്കോഡര്‍ പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതാണ് ആഡംബര കാര്‍.ചികിത്സയിലായിരുന്ന ശ്രീറാം തിങ്കളാഴ്‌ച മെഡിക്കല്‍ കോളേജാശുപത്രി വിട്ടു. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്നാണിത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാലുദിവസം മുൻപ് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു.