കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയും.പോലീസിന്റെയും പ്രതിഭാഗത്തിന്റെയും വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു.കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്ന ആശങ്കയെ തുടർന്നാണ് നാദിർഷ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.ചോദ്യം ചെയ്യലിനോട് നാദിർഷ പൂർണ്ണമായും സഹകരിച്ചിട്ടില്ലെന്നു പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.നാദിർഷയെ ഇതുവരെ ചോദ്യം ചെയ്തതിന്റെ വിശദ വിവരങ്ങൾ പോലീസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു.ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ നാദിർഷയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.നാദിർഷ നേരത്തെ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടത്.കേസിലെ മുഖ്യപ്രതിയായ പൾസർ സുനി നേരത്തെ നാദിർഷായ്ക്കെതിരെ മൊഴി നൽകിയിരുന്നു. ദിലീപിന്റെ നിർദേശപ്രകാരം തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നാദിർഷ പണം തന്നിരുന്നു എന്നാണ് സുനി മൊഴി നൽകിയത്.