Kerala

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി

keralanews high court to pronounce verdict on dileeps bail plea on monday

കൊച്ചി:നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. രാവിലെ 10.15 ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് വിധി പറയുന്നത്. കേസിലെ 11 ആം പ്രതിയാണ് ‌ദിലീപ്.അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ഹരജിയില്‍ ഇരു വിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയാണ് കേസ് വിധിപറയാന്‍ മാറ്റിയത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു. കേസ് ഡയറി കൂടി പരിശോധിച്ചാണ് സിംഗിള്‍ബഞ്ച് നാളെ വിധിപറയുക. ദിലീപിനെതിരെ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും യാതൊരു തെളിവും ദിലീപിനെതിരെ ഇല്ലെന്നുമാണ് അഡ്വ രാംകുമാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിലവിൽ അന്വേഷണം നടക്കുന്ന കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കേസിൽ നിർണ്ണായക വിവരങ്ങൾ കൈമാറാൻ കഴിയുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ പിടികൂടാനുള്ള നീക്കവും ഊർജിതമാണ്.

Previous ArticleNext Article