കൊച്ചി:ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി ആഗസ്റ്റ് ഒമ്ബത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.