കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യാനുള്ള കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഇതോടെ സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം.ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാമെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.നിരക്ക് വര്‍ധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.നിലവില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ ബസില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കൂ. സാമൂഹിക അകലം പാലിച്ചാണ് യാത്ര അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത സാമ്പത്തിക ഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ചാര്‍ജ് കുറയ്ക്കരുതെന്നുമാണ് ബസ് ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു.എന്നാല്‍ ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയില്ല. താല്‍ക്കാലിക സ്റ്റേ മാത്രമാണുള്ളത്. നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ ബസ് ഉടമകളോട് കോടതി നിര്‍ദേശിച്ചു.കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ബസ് ഉടമകള്‍ അടുത്ത ദിവസം മുതല്‍ സമ്പൂർണ്ണ തോതില്‍ സര്‍വീസ് ആരംഭിക്കുമെന്നും അറിയിച്ചു.അതേസമയം നേരത്തെ ഒന്നിടവിട്ട സീറ്റ് ഒഴിച്ചിടണമെന്ന് നിര്‍ദേശിച്ച സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ധിപ്പിച്ച നിരക്ക് കുറച്ചത്. ചാര്‍ജ് കൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ല. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പ്രതികരിച്ചു.