കൊച്ചി:രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്കിയ ഹരജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിനെതിരെയാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പിജെ ജോസഫിന്റെ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഈ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സിംഗിള്‍ ബെഞ്ച് ജോസ് കെ. മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോള്‍ ജോസ് കെ. മാണിക്ക് അനുകൂലമായ ഡിവിഷന് ബെഞ്ച് വിധിയും ഉണ്ടായിരിക്കുന്നത്.ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന് ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫില്‍ എത്തിയ ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നത്. ഈ നിലപാട് തന്നെയാണ് ഹൈക്കോടതിയും ഇപ്പോള്‍ സ്വീകരിച്ചത്.സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് പി.ജെ ജോസഫ് അപ്പീല്‍ നല്‍കിയിരുന്നത്.