കണ്ണൂർ:കണ്ണൂർ:പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ഭക്തർക്ക് കാണിക്കയിടാൻ സോപാനത്തിൽ രണ്ട് കുടങ്ങൾ വയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം.ഭക്തർ നിക്ഷേപിക്കുന്ന പണം ആർക്കെന്ന തർക്കം തീർക്കുന്നതിനാണ് ഹൈക്കോടതി നിർദേശം. സോപാനത്തിൽ ഒരേ വലിപ്പത്തിലുള്ള രണ്ട് കുടങ്ങളോ ഉരുളിയോ വയ്ക്കണം.ഒന്നിലിടുന്ന പണം ക്ഷേത്രത്തിലേക്കുള്ള കാണിക്കയാണെന്നും രണ്ടാമത്തെ കുടത്തിൽ മടയനുള്ള ദക്ഷിണയാണെന്നും അതാതു കുടങ്ങളിൽ രേഖപ്പെടുത്തുകയും വേണം.മലയാളത്തിലും ഇംഗ്ലീഷിലും ഇക്കാര്യം രേഖപ്പെടുത്തണം.ഓരോ ദിവസവും അതിൽ നിക്ഷേപിച്ചിരിക്കുന്ന പണം ദേവസ്വം,മടയൻ,ഭക്തർ എന്നിവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തുകയും വേണം.ക്ഷേത്ര കാണിക്കയായി കിട്ടുന്ന പണം ക്ഷേത്രഫണ്ടായി ഉപയോഗിക്കാം.മടയന് ലഭിക്കുന്ന ദക്ഷിണ കൊച്ചാൽ,കണ്ണോത്ത്, വാടയ്ക്കൽ എന്നീ കുടുംബങ്ങൾക്ക് തുല്യമായി വീതിക്കുകയും വേണം.സോപാനത്തിൽ വെയ്ക്കുന്ന പണം ദക്ഷിണയെന്ന നിലയിൽ മടയൻ എടുക്കുകയാണ് പതിവ്.എന്നാൽ പിന്നീട് അതേച്ചൊല്ലി തർക്കമായി.ഇത് ചൂണ്ടിക്കാട്ടി പി.എം സുഗുണന്റേതുൾപ്പെടെയുള്ള 2009 ലെ ഹർജികളിലാണ് കോടതി ഉത്തരവ്.ദൂരത്തു നിന്നും എത്തുന്ന ഭക്തർക്ക് സോപാനത്തിൽ വെയ്ക്കുന്ന പണം മടയനുള്ളതാണെന്ന് അറിവുണ്ടായിരിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്കാര്യം പ്രത്യേകം രേഖപ്പെടുത്തിയ കുടങ്ങൾ വെയ്ക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്.