കൊച്ചി:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി.സ്കൂളിൽ പ്രവേശനത്തിന് അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.സ്കൂളിൽ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഈ വർഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ട് അപേക്ഷ സ്വീകരിക്കുകയായിരുന്നു. എന്നാൽ കുട്ടികളുടെ ബാഹുല്യം മൂലം പ്രവേശനം നടത്താൻ കഴിഞ്ഞിരുന്നില്ല.അപേക്ഷിക്കുന്ന എല്ലാ കുട്ടികൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം നൽകണമെന്നാണ് നിയമം.എന്നാൽ ടാഗോറിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇത്രയും വിദ്യാർഥികളെ ഉൾക്കൊള്ളാൻ ടാഗോറിൽ സൗകര്യവുമില്ല. ഇതോടെയാണ് പ്രവേശനം അനിശ്ചിതത്വത്തിലായത്. തുടർന്നാണ് രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നിയമക്കുരുക്ക് മുറുകിയതോടെ അഞ്ചാം ക്ലാസില്ലാതെയാണ് ഈ വർഷത്തെ ടാഗോർ വിദ്യാനികേതന്റെ അധ്യയന വർഷം ആരംഭിച്ചത്.