Kerala, News

പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാൻ അനുമതി നല്‍കി ഹൈക്കോടതി

keralanews high court granted permission to private vehicle to enter pamba

 

കൊച്ചി:പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാൻ അനുമതി നല്‍കി ഹൈക്കോടതി. ചെറുവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കോടതി ഉത്തരവ് ഇന്നുമുതല്‍ നടപ്പിലാക്കിയേക്കും.പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെങ്കിലും തീര്‍ത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങള്‍ നിലക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.അതേസമയം അനധികൃത പാര്‍ക്കിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിന് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ ചെറുവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാനാകില്ലെന്നു പോലീസ് നിലപാടെടുത്തിരുന്നു.മുൻപ്  പാര്‍ക്കിങ് അനുവദിച്ചിരുന്ന പമ്പ,ഹില്‍ടോപ്പ് മേഖലകളെല്ലാം പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന നിലയിലാണെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് കോടതിയെ അറിയിച്ചിരുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പാര്‍ക്കിങ് അനുവദിക്കാനാവില്ല. നിലയ്ക്കല്‍-പമ്പ റൂട്ടിലെ വാഹനനിയന്ത്രണത്തിനുള്ള അധികാരം പോലീസിന് ആവശ്യമാണ്.പമ്പയിലേക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.എന്നാല്‍, ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ പ്രസ്താവന ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് കോടതി നിലപാടെടുത്തത്. ഇതനുസരിച്ച്‌ ഹര്‍ജി ഇന്ന് പരിഗണിക്കവെ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതേതുടര്‍ന്നാണ് കോടതി സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നിലപാടില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധം ശക്തമായതോടെയാണു പമ്ബയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞത്. ഇതു പ്രതിഷേധത്തിനു കാരണമാവുകയും വന്‍തോതില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് ഈ വര്‍ഷം ശബരിമല തീര്‍ഥാടനകാലത്ത് പമ്പയിലേക്ക്  സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. തീര്‍ഥാടകരുടെ എണ്ണംകുറയാന്‍ കാരണം വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തതാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു നിലപാടില്‍ ദേവസ്വംബോര്‍ഡ് എത്തിയത്. ബേസ് ക്യാമ്പ് നിലയ്ക്കലില്‍ തന്നെ നിലനിര്‍ത്തികൊണ്ടുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാരിനെയും പൊലീസിനേയും അറിയിച്ചത്. തീര്‍ഥാടകര്‍ വരുന്ന വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനം നല്‍കുക. തുടര്‍ന്ന് തീര്‍ഥാടകരെ പമ്പയിൽ ഇറക്കിയശേഷം വാഹനങ്ങള്‍ തിരിച്ച്‌ നിലയ്ക്കലില്‍ എത്തി പാര്‍ക്ക് ചെയ്യുക എന്നതായിരുന്നു നിര്‍ദ്ദേശം. ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്.ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാനാകുമെന്ന് ദേവസ്വംബോര്‍ഡ് കണക്കുകൂട്ടിയിരുന്നു.വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പമ്പയിലേക്ക് പ്രവേശനം വിലക്കുകയും ചെയ്തതാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായകുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Previous ArticleNext Article