Kerala, News

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ച് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

keralanews high court directed to use voters list of 2019 for local self government elections in kerala

കൊച്ചി:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2019 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്തണമെന്ന് ഹൈക്കോടതി.2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വരുന്ന ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍, ആദ്യം 2019-ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019-ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് സമയം വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് എല്‍ഡിഎഫും സര്‍ക്കാര്‍ ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിനെതിരെ യുഡിഎഫ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. 2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് വ്യക്തമാക്കിയാണ് യുഡിഎഫ് കോടതിയെ സമീപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും മുസ്ലീംലീഗും ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.തീരുമാനം മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. കോടതി അനുവദിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ പുതിയ വിധി വന്നിരിക്കുന്നത്. പുതിയ വിധി പ്രകാരം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കിയ പട്ടിക പുതിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

Previous ArticleNext Article