കൊച്ചി:കൊച്ചിയിൽ യുവതികളുടെ ആക്രമണത്തിന് ഇരയായ ഓൺലൈൻ ടാക്സി ഡ്രൈവർ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷഫീഖ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ഷെഫീക്കിനെതിരെ സ്ത്രീ പീഡന വകുപ്പ് ചുമത്തിയതിനെ കോടതി ശക്തമായി വിമർശിക്കുകയും ചെയ്തു.യുവതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഒരു യുവതി ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത്. ഷെഫീക്കിന്റെ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.ഈ മാസം 20നാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീഖിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. അക്രമത്തില്‍ ഷഫീഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു.എന്നാൽ നിസാര കുറ്റം ചുമത്തി യുവതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പോലീസ് ഷെഫീഖിനെതിരെ കേസെടുക്കുകയായിരുന്നു.