Kerala, News

അയ്യപ്പഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധം ഫേസ്‌ബുക്ക് പോസ്റ്റ്;ദൃശ്യ, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നതിന് രഹ്ന ഫാത്തിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

keralanews high court banned activist rahna fathima from voicing opinion through any kind of media

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടേയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടേയുമുള്ള അഭിപ്രായ പ്രകടനത്തില്‍ നിന്ന് രഹ്ന ഫാത്തിമയെ വിലക്കി ഹൈക്കോടതി. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ അഭിപ്രായ പ്രകടനം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ദൃശ്യ, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തരുതെന്നാണ് കോടതി രഹ്ന ഫാത്തിമയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.2018-ല്‍ അയ്യപ്പഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധം ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിലെ വിചാരണ തീരുംവരെയാണ് വിലക്ക്. 2018-ലെ കേസില്‍ രഹ്നയ്ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച്‌ ഈ വര്‍ഷം കുക്കറി ഷോയിലൂടെ മതവിശ്വാസികളുടെ വികാരത്തെ അവഹേളിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്ലോഡ് ചെയ്തതെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ വിശദീകരിക്കുന്നത് .മോശമായ വസ്ത്രത്തോടെ വിശ്വാസികളെ വൃണപ്പെടുത്തും വിധം ബീഫ് കറി ഉണ്ടാക്കിയെന്ന പരാതിയില്‍ ഈ വീഡിയോ എല്ലാം ഉടന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തരവിട്ട കോടതി ആറു മാസത്തേക്ക് രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതു വിലക്കുകയും ചെയ്തു.ബിഎസ്‌എന്‍എല്‍ ജോലിക്കാരിയായിരുന്ന രഹ്നയെ കേസിനെ തുടര്‍ന്ന് ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ശേഷം നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവും നല്‍കുകയും ചെയ്തിരുന്നു.

ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും അവസാന അവസരമെന്നനിലയിലാണ് മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം പാടില്ലെന്നതടക്കമുള്ള ഉപാധിയോടെ കോടതി കേസ് തീര്‍പ്പാക്കിയിരിക്കുന്നത്. ജോലി നഷ്ടമായതും, രണ്ട് വട്ടം അറസ്റ്റിലായതും രഹ്നയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയില്ല. മറ്റുള്ളവരുടെ അവകാശങ്ങളെ ഇനിയെങ്കിലും മാനിക്കും എന്ന് കരുതുന്നു. മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടാകരുത് അഭിപ്രായ സ്വാതന്ത്ര്യം എന്ന് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ നിശ്ചിത ദിവസങ്ങളില്‍ ഹാജരാവണം എന്നിവ ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.മൂന്നുമാസംവരെ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും രാവിലെ ഒമ്ബതിനും പത്തിനുമിടയില്‍ പത്തനംതിട്ടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെ ഹാജരാവണം. എറണാകുളത്തുള്ളപ്പോള്‍ ഇവിടെയും ഒപ്പുവെക്കാം. ഉപാധികള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ജാമ്യം റദ്ദാകുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Previous ArticleNext Article