Kerala, News

ഇരട്ട വോട്ട് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമര്‍പ്പിച്ച മാര്‍ഗരേഖയ്ക്ക് ഹൈകോടതിയുടെ അംഗീകാരം

keralanews high court approves guidelines submitted by election commission to prevent dual voting

കൊച്ചി:ഇരട്ട വോട്ട് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമര്‍പ്പിച്ച മാര്‍ഗരേഖയ്ക്ക് ഹൈകോടതിയുടെ അംഗീകാരം.ഇരട്ടവോട്ട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഇതോടെ തീര്‍പ്പാക്കി.ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം. വോട്ട് രേഖപ്പെടുത്തുന്ന ബൂത്തില്‍ സത്യവാങ്മൂലം നല്‍കണം. മാര്‍ഗനിര്‍ദേശങ്ങല്‍ ലംഘിച്ച്‌ ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു. വോട്ടെടുപ്പ് സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെയും നിയോഗിക്കാം.ചെന്നിത്തലയുടെ ഹര്‍ജിയെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഇരട്ടവോട്ട് തടയാനുള്ള നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരട്ടവോട്ടുള്ളവരെ നേരത്തെ കണ്ടെത്തുക, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചത്. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.സംസ്ഥാനത്താകെ എല്ലാ ബൂത്തുകളിലുമായി 4.16 ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് എല്ലാ മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് അന്വേഷണം നടത്തുകയും പരാതിയുള്ള പട്ടികയിലെ വോട്ടുകൾ സോഫ്റ്റ് വെയര്‍ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു.തുടര്‍ന്നാണ് 38,586 ഇരട്ട വോട്ടുകൾ മാത്രമേയുള്ളൂവെന്ന് കമ്മീഷൻ കണ്ടെത്തിയത്. ഒരു ബൂത്തിൽ തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 കേസുകള്‍ കണ്ടെത്തി. 15,771 എണ്ണം ഒരു അസംബ്ലി മണ്ഡലത്തിനകത്തുള്ള ഇരട്ടവോട്ടുകളും മൂന്ന് എണ്ണം ഒന്നിലധികം മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുമാണെന്നാണ് കണ്ടെത്തിയത്. ഈ വോട്ടർമാരുടെ പേരുകള്‍ ഉള്‍പെടുത്തിയുള്ള പട്ടികയാണ് വോട്ടർ പട്ടികയ്ക്കൊപ്പം പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കുക.ഇരട്ടവോട്ടുള്ളവർ രണ്ടുവോട്ടുചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article