India, Kerala, News

മംഗളൂരു അതീവ ജാഗ്രതയിൽ;മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ

keralanews high alert in mangalore media persons under custody

മംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവരുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെ മംഗളൂരുവിൽ സംഘർഷം രൂക്ഷം. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.മീഡിയ വൺ,മാതൃഭൂമി,24, ഏഷ്യാനെറ്റ്,ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ മാധ്യമ സംഘമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു.ആദ്യം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു.വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. സ്ഥലത്ത് നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റിഡിയിലെടുത്തത്. അക്രമസംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. മംഗളൂരു ഉള്‍പെടെ ദക്ഷിണ കന്നട ജില്ലയില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം പ്രക്ഷോഭം നടക്കുന്ന മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരെ സജ്ജരാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

Previous ArticleNext Article