തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 4 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കികൊണ്ടാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഹെല്‍മറ്റ് ഉപോഗിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാനാണ് കോടതി നിര്‍ദ്ദേശമെങ്കിലും ആദ്യ ഘട്ടത്തില്‍ പിഴ ഈടാക്കല്‍ അടക്കമുള്ള നീക്കത്തിന് ഗതാഗതവകുപ്പ് മുതിരില്ലെന്നാണ് സൂചന.കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മററ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെടലോടെയാണ് പിന്‍സീറ്റ് ഹെല്‍മറ്റ് നിയമം ഇന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങുന്നത്.ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ.കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ നല്‍കണം.സ്ഥിരമായി ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. പിഴത്തുക അടക്കുന്നില്ലെന്ന് കണ്ടെത്തിയാലും വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകും.നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.എന്നാല്‍ ആദ്യ ഘട്ടത്തില്‍ പിഴ ഈടാക്കാതെ ബോധവല്‍കരണത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക. കുട്ടികള്‍ക്കുള്‍പ്പെടെ ഹെല്‍മറ്റ് ധരിക്കേണ്ടിവരുന്നത് പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പിനിടയാക്കുമോയെന്ന സംശയം സര്‍ക്കാരിനുണ്ട്. വാഹനാപകടങ്ങളില്‍ ഇരുചക്രവാഹനക്കാര്‍ക്ക് തലക്ക് പരിക്കേല്‍കുന്നതിന്റെ നിരക്ക് വര്‍ധിച്ചതിനെതുടര്‍ന്നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.