ചെന്നൈ: സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്തി.ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 വി5 എന്ന ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സാണ് കണ്ടെത്തിയിരിക്കുന്നത്. ഊട്ടി കൂനൂരിനടുത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.വിങ് കമാന്‍ഡര്‍ ഭരദ്വജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണം ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാൽ അറിയാൻ സാധിക്കും. ബ്ലാക്ക് ബോക്‌സിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകട കാരണം വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.എംഐ 17 v5 ഹെലികോപ്റ്റർ ആധുനികവും ഏറ്റവും സുരക്ഷിതവുമായ ഹെലികോപ്ടറുകളിലൊന്നാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ സാങ്കേതിക തകരാർ ഉണ്ടാകാൻ സാദ്ധ്യതയില്ല. അങ്ങനെയെങ്കിൽ അപകടം എങ്ങനെ സംഭവിച്ചു എന്ന് അറിയാനുള്ള ഏകമാർഗ്ഗം ബ്ലാക്ക് ബോക്‌സ് മാത്രമാണ്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തടക്കം പതിമൂന്നുപേര്‍ മരിച്ചിരുന്നു.കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്.