ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരങ്ങൾ ഇന്ന് ഡൽഹിയിലെത്തിയ്‌ക്കും. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ചയാകും സംസ്‌കാരം. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിലെ ശ്മശാനത്തിലാണ് ഇരുവരുടെയും ഭൗതിക ശരീരങ്ങൾ സംസ്‌കരിക്കുക.രാവിലെ എട്ട് മണിയോടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന സൈനിക ആശുപത്രിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അന്തിമോപചാരം അർപ്പിക്കും. തുടർന്ന് 13 വാഹനങ്ങളിലായി മൃതശരീരങ്ങൾ കോയമ്പത്തൂരിലെത്തിയ്‌ക്കും. ഇവിടെ നിന്നും വിമാനമാർഗ്ഗമാകും മൃതദേഹങ്ങൾ ഡൽഹിയിലെത്തിയ്‌ക്കുക.ഡൽഹിയിലെ കാമാരാജ് മാർഗിലാണ് അദ്ദേഹത്തിന്റെ വസതി. പ്രത്യേക വിമാനത്തിൽ ഇവിടേക്കാകും ഇന്ന് വൈകിട്ട് ഭൗതിക ദേഹങ്ങൾ കൊണ്ടുവരിക. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വെയ്‌ക്കും. ശേഷം സൈനിക വാഹനത്തിൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ബ്രാർ സ്‌ക്വയറിൽ എത്തിക്കും. ഇവിടെയും പൊതുദർശനത്തിന് വെച്ച ശേഷമാകും ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹങ്ങൾ സംസ്‌കരിക്കുക.ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ക്യാപ്റ്റൻ വരുൺ സിംഗാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.മാരകമായി പരിക്കേറ്റ അദ്ദേഹം നിലവില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.