ഊട്ടി: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. ബിവിൻ റാവത്തും കുടുംബവും സഞ്ചരിച്ച എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. നാല് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കുന്നിൻ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്. മൃതദേഹങ്ങൾ താഴ്വാരത്തേയ്‌ക്ക് ചിതറിപ്പോയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാർ അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നാലെ സേനയുടെ വിദഗ്ധ രക്ഷാ സംഘവും സ്ഥലത്തെത്തി.തകർന്നു വീണ ഹെലികോപ്റ്ററിൽ നിന്നും പലരും ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു പല ശരീരങ്ങളും. ലാൻഡിംഗിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.