തെങ്കാശി: തെക്കൻ തമിഴ്‌നാട് ഭാഗങ്ങളില്‍ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയമുണ്ടായി.പൊടുന്നനെയുള്ള കനത്ത മലവെള്ളപ്പാച്ചിലില്‍ കാണാതായ തിരുനെല്‍വേലി സ്വദേശി അശ്വിൻ(17) മരിച്ചു.കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം ജനങ്ങള്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു അപകടം. വെള്ളം വന്നപ്പോഴേക്ക് സഞ്ചാരികള്‍ വേഗത്തില്‍ ഓടിമാറുകയായിരുന്നു. ഇതിനിടെയാണ് അശ്വിൻ ഒഴുക്കിള്‍പ്പെടുന്നത്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകട സാദ്ധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.അടുത്ത മൂന്ന് ദിവസത്തേക്ക് തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പാണ്. ഒപ്പം മണ്ണിടിച്ചിലിനുള്ള സാദ്ധ്യതാ മുന്നറിയിപ്പുമുണ്ട്. നീലഗിരി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഊട്ടിയടക്കം വിവിധ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതല്‍ 20 വരെ നിരോധിച്ചെന്ന് നീലഗിരി ജില്ലാ കളക്‌ടർ എം. അരുണ അറിയിച്ചു.