തിരുവനന്തപുരം:കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍ രാവിലെ മുതല്‍ തുടങ്ങിയ മഴയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. കാക്കനാട് ഇൻഫോ പാർക്ക് ഉള്‍പ്പെടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. മരോട്ടിച്ചുവട്, തമ്മനം, കാക്കനാട്, ഇടപ്പള്ളി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.വെള്ളക്കെട്ടില്‍ വൈറ്റില, കലൂർ, തൃപ്പൂണിത്തുറ, കടവന്ത്ര, കളമശ്ശേരി എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലും സഹോദരൻ അയ്യപ്പൻ റോഡ്, പാലാരിവട്ടം-കാക്കനാട്, ആലുവ-ഇടപ്പള്ളി റോഡുകളിലും ചൊവ്വാഴ്ച രാവിലെ ഗതാഗതം സ്തംഭിച്ചു.കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തലനാട് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ടയിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി.ഭരണങ്ങാനത്തെ ഇടമുറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപ്പൊട്ടലുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അപകട സാധ്യതയുള്ള പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉത്തരവിട്ടു. അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജൂണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാംഘട്ട മണ്‍സൂണ്‍ പ്രവചനം. മെയ് 31 മുതല്‍ കേരളത്തില്‍ കാലവർഷം എത്തും. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.