Kerala, News

ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് ജൂലൈ 24 വരെ ശക്തമായ മഴ തുടരും

keralanews heavy rain will continue in the state till july 24th

തിരുവനന്തപുരം:ബംഗാൾ തീരത്ത് രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദവും കേരളാ തീരത്ത് നിലവിലുള്ള ന്യൂനമർദ പാത്തിയും കാരണം ജൂലൈ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക്‌ സാധ്യത.കാറ്റ് വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ ഈ മുന്നറിയിപ്പ് ബാധകമാണ്. വ്യാഴാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറില്‍ കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരാണ് -10.3 സെന്‍റീ മീറ്റര്‍. വരുംദിവസങ്ങളില്‍ ഏഴു മുതല്‍ 20 സെ.മീ. വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. നാശനഷ്ടം വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം വരും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുണ്ടായ ന്യൂനമര്‍ദങ്ങളാണു മണ്‍സൂണിനു രൗദ്രഭാവം നല്‍കിയത്. മൂന്നുദിനം കൂടി ഇതു തുടരാനാണു സാധ്യത. ഞായറാഴ്ച വരെ എറണാകുളം മുതല്‍ വടക്കോട്ട് മഴയുടെ ശക്തി കൂടുമെന്നും തെക്കന്‍ ജില്ലകളില്‍ കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥാ ഗവേഷണകേന്ദ്രം കണക്കുകൂട്ടുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഇത് മണിക്കൂറില്‍ 60 കി.മീ. വരെയായേക്കാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

Previous ArticleNext Article