തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസം കൂടി തുടര്‍ച്ചയായ മഴയ്ക്ക് സാധ്യത.ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിലും പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോട് ചേര്‍ന്ന് വെള്ളിയാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതും കേരളത്തില്‍ മഴ തുടരാന്‍ കാരണമാകും.അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ ഇവിടെ നിന്നുള്ള മഴ മേഘങ്ങള്‍ ഉത്തരേന്ത്യയിലും കാലവര്‍ഷം ശക്തമാക്കിയിട്ടുണ്ട്.ജൂണ്‍ ഒന്നു മുതല്‍ 12 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 5 ശതമാനം അധികം മഴയാണ് കേരളത്തില്‍ ലഭിച്ചത്. പാലക്കാടാണ് ശരാശരി മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത്- 32 ശതമാനം. കോട്ടയത്ത് 21 ശതമാനം അധികം മഴയാണ് ലഭിച്ചത്. ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.