തിരുവനന്തപുരം:തിരുവനന്തപുരത്ത് കനത്ത മഴ.ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ ഇന്ന് പുലര്‍ച്ചെയും തുടര്‍ച്ചയായി പെയ്യുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്.വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുന്നു. സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകള്‍ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. വിതുര പൊന്മുടി പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.നെയ്യാറ്റിൻകര നഗരസഭ സ്‌റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആണ്. ഇതിനെ തുടർന്ന് ജില്ലാ കളക്ടറുടെയും പോലീസ്, ഫയർഫോഴ്‌സ് അധികൃതരുടെയും നിർദ്ദേശാനുസരണം ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം നിരോധിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുണ്ടായതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 220 അടി ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ അണക്കെട്ടിന്റെ ഷട്ടറുകൾ 60 അടി കൂടി ഉയർത്തുമെന്നും സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.