തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകാനുള്ള സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കേരള – ലക്ഷദ്വീപ് തീരത്ത് 60കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. കടല്‍ കൂടുതല്‍ പ്രക്ഷുബ്‌ധമാകും. നാലര മീറ്റര്‍ ഉയരത്തില്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കി.അതിനിടെ, കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് വിവിധ സംഭവങ്ങളില്‍ നാല് വയസുകാരി ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. പരക്കെ നാശനഷ്‌ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ദീപ (44), ചാലിയം വെസ്റ്റ് പരേതനായ മരക്കാര്‍ കുട്ടിയുടെ ഭാര്യ ഖദീജക്കുട്ടി (60),കണ്ണൂർ സ്വദേശി രവീന്ദ്രൻ(65), അഡൂർ ദേലംപാടി ചെർലകൈ യിലെ ചനിയ നായക്ക്(65), കണ്ണൂർ ചക്കരക്കൽ തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65),കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ഫാത്തിമ വില്ലയില്‍ മുഹമ്മദ് അന്‍സിഫ – മുംതാസ് ദമ്ബതികളുടെ മകള്‍ ഫാത്തിമത്ത് സൈനബ (4), ആലപ്പുഴ തലവടി ആനപ്രമ്ബാല്‍ വിജയകുമാര്‍ (54),ശാസ്തവട്ടം സ്വദേശി ശശിധരന്‍ (75) ,തുടങ്ങിയവരാണ് മരിച്ചത്. ദീപയും ഖദീജക്കുട്ടിയും തെങ്ങ് വീണാണ് മരിച്ചത്. ഖദീജക്കുട്ടി ബന്ധുവീട്ടില്‍ നിന്ന് നടന്ന് വരുമ്ബോള്‍ കാറ്റില്‍ തെങ്ങ് ഒടിഞ്ഞു ഇവരുടെ മേല്‍ വീഴുകയായിരുന്നു. കാട്ടായിക്കോണത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് കാര്യവട്ടം സ്വദേശി ശശിധരൻ മരിച്ചത്.മുറിയനാവി പി.പി.ടി എല്‍.പി സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമത്ത് സൈനബ ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു. രവീന്ദ്രന്‍ ശനിയാഴ്ച രാത്രി വീടിനടുത്ത് കടപുഴകി വീണ തെങ്ങു മുറിച്ചുമാറ്റുന്നതിനിടെ തെന്നി തോട്ടില്‍ വീണാണ് മരിച്ചത്.വിജയകുമാര്‍ കുട്ടനാട്ടില്‍ പമ്ബയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. ചക്കരക്കല്ലിൽ മകളെ കാണാൻ പോകവേ മതിലിടിഞ്ഞു വീണാണ് ചക്കരക്കൽ തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65) മരിച്ചത്.ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ബസിറങ്ങി മാച്ചേരിയിലെ മകളുടെ വീട്ടിലേക്ക് നടന്ന് പോകവേ കനത്ത മഴയിൽ മതിലിടിഞ്ഞാണ് അപകടം. ഉടനെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല