തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ( ഓഗസ്റ്റ് 2 ന്) അവധി.മഴ തീവ്രമായതോടെ ഡാമുകളിലെ ഷട്ടറുകളും ഉയർത്തുന്നുണ്ട്. അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകുന്നുണ്ട്. അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പമ്പാതീരത്ത് ജാഗ്രതാനിർദേശം നൽകി. മഴക്കെടുതിയിൽ ആറ് മരണങ്ങൾ സംഭവിച്ചു. 5 വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലകളിൽ വീണ്ടും മഴ കനത്തതോടെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 23 പേരെ മാറ്റി പാർപ്പിച്ചുകഴിഞ്ഞു.