ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന് പിന്നാലെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കനത്ത മഴ. ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങി. പത്തോളം വീടുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.അതേസമയം, തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയില്‍ 14 ജില്ലകളെയെങ്കിലും മഴ ബാധിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമായത്ത് സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ ഇന്നലെ രാത്രി തുറന്നു. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കരയില്‍ പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.