തിരുവനന്തപുരം:തെക്കൻ കേരളത്തിൽ കനത്ത മഴ.മഴ നാളെവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴ ശക്തിപ്പെടാൻ കാരണം.കഴിഞ്ഞ ദിവസം രാത്രി മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടത്.7 മുതൽ 11 സെന്റിമീറ്റർ വരെ മഴപെയ്യുമെന്നാണ് അറിയിപ്പ്.മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പലയിടങ്ങളിലും കടൽ പ്രക്ഷുബ്ധമായതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു.ഡാമിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയുടെ വിവിധപ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.