കൊച്ചി:അറബികടലില്‍ രൂപപ്പെട്ട ‘മഹ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തും മഴ കനത്തു. രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്.എറണാകുളത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. ഞാറയ്ക്കല്‍, എടവനാട്, പറവൂര്‍ മേഖലയില്‍ കടല്‍ തീരത്തേക്ക് അടിച്ചുകയറി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.രാവിലെ ഞാറക്കലില്‍ നിന്ന് 50 ഓളം കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറി 62 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ തിരമാലയില്‍ മത്സ്യത്തൊഴിലാളികളുടെ പത്തോളം വള്ളങ്ങള്‍ തകര്‍ന്നു. ചെല്ലാനം വില്ലേജ് ഓഫീസിന് പിന്‍ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറി.ഫോര്‍ട്ട് വൈപ്പിന്‍ വാക്ക് വെയുടെ ഭാഗം തിരയടിയില്‍ തകര്‍ന്നു.എടവനക്കാട് യു .പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നു.നാല് കുടുംബങ്ങളാണ് ഇവിടെയുള്ളത്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കൊച്ചി, പറവൂര്‍ എന്നീ താലൂക്കുകളിലും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലുമാണ് ഇന്ന് അവധി. പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.