തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാസവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ കാരണമായത്. കേരളത്തെ കൂടാതെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മഴയും കാറ്റും ശക്തമായിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ നാല് പേര് മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണു മഴ ജീവനെടുത്തത്.കല്‍പ്പറ്റയില്‍ ഈമാസം പതിമൂന്നാം തീയതി തോട്ടില്‍ വീണു കാണാതായ ആറു വയസുകാരനെ കണ്ടെത്താനായില്ല. പേര്യ സ്വദേശി അജ്മലിനെയാണു കാണാതായത്. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണ് ആര്യറമ്ബ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താര (20) മരിച്ചു.സംസ്ഥാനത്ത് വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നദികളും പുഴകളും കരകവിഞ്ഞു.പല അണക്കെട്ടുകളുടെയും ഷട്ടർ തുറന്നുവിട്ടു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി സിഗ്നല്‍ സംവിധാനം തകരാറിലായി.പലയിടത്തും വൈദ്യുതത്തൂണുകളും ട്രാന്‍സ്ഫോര്‍മറുകളും തകര്‍ന്ന് വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശത്തില്‍ അറിയിച്ചു.കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി. മണപ്പള്ളി പാടശേഖരത്തു മടവീണു.കൂടുതല്‍ പാടങ്ങള്‍ മട വീഴ്ച ഭീഷണിയിലാണ്.കോഴിക്കോട് പുതിയങ്ങാടിയില്‍ കാറുകൾക്ക് മുകളിലേക്ക് മരം കടപുഴകിവീണ് അഞ്ചുപേർക്ക് പരിക്കേറ്റു.പയ്യോളി, ബേപ്പുര്‍ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമാണ്.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.കോട്ടയം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കല്കട്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.