Kerala, News

സംസ്ഥാനത്ത് കാലവർഷം കനത്തു;ചൊവ്വാഴ്ച വരെ ശക്തമായ മഴ;എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

keralanews heavy rain in kerala alert in all districts

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം കനത്തു.കനത്ത മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു.ഇടുക്കിയിലെ മലങ്കര ,കല്ലാര്‍ക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താന്‍കെട്ട്, തിരുവനന്തപുരത്തെ അരുവിക്കര,കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്.നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.പെരിയാറിന്റെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കല്ലാര്‍ക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടര്‍ വീതവും, ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒന്‍പത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്.ശക്തമായ മഴ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് 40 സെന്റിമീറ്റര്‍വരെ മഴ ലഭിക്കാനാണ് സാധ്യത.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കാലവർഷം ശക്തമായതോടെ  മിക്ക ജില്ലകളും ദുരന്ത ഭീഷണിയിലായി.തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി.കൊല്ലത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥനും കണ്ണൂര്‍ തലശേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മരണമടഞ്ഞു.കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ റെഡ് അലെര്‍ട്ട് തുടരുകയാണ്.

Previous ArticleNext Article