കാസർകോഡ്:കാസർകോഡ് ജില്ലയിൽ കനത്ത മഴ.ശക്തമായ മഴയിൽ ബളാല്‍ കോട്ടക്കുന്നില്‍ ഉരുൾപൊട്ടലുണ്ടായി.ബളാല്‍-രാജപുരം റോഡിലേക്ക് കല്ലുകളും ചെളിയും വന്ന് നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്. ഇവിടെ നിന്നും ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി.അതിശക്തമായ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാസര്‍കോട് തുടരുന്നത്. കാസര്‍കോട് ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ടാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമായത്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനിടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.