Kerala, News

കനത്ത മഴ;കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ,ഒരാൾ മരിച്ചു

keralanews heavy rain in kannur district landslides and one died

കണ്ണൂർ:കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലകളിൽ 12 ഇടത്ത് ഉരുൾപൊട്ടി.ഇതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് ഒരാൾ മരിച്ചു.മാക്കൂട്ടം -വിളമന ഇരുപത്തൊൻപതാം മൈല്‍ സ്വദേശി ശരത്ത് ആണ് മരിച്ചത്.ലോറി ക്ളീനറായിരുന്ന ശരത്ത് വീരാജ്പേട്ടയിൽ ചെങ്കല്ലിറക്കി ഇരിട്ടിയിലേക്ക് മടങ്ങവേ വഴിയിൽ മാക്കൂട്ടത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മലവെള്ളമെത്തിയത്.ഇതിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. ഇരിട്ടി-വീരാജ്പേട്ട വഴി മൈസൂര്‍-ബംഗളൂരു ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കയാണ്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കുടക് അന്തര്‍ സംസ്ഥാന പാത അടച്ചിട്ടു.പത്തിലേറെ സ്ഥലത്താണ് കൂട്ടുപുഴ മാക്കൂട്ടം റോഡില്‍ ഗതാഗത തടസ്സമുണ്ടായത്. പൊലീസും അഗ്‌നി ശമനസേനയും നടത്തിയ രക്ഷാ പ്രവര്‍ത്തനം ഫലം കാണാഞ്ഞതിനാല്‍ 60 അംഗസൈന്യം രക്ഷാ പ്രവര്‍ത്തനം നടത്തി വരികയാണ്. ഡി. എസ്. സി. കമാന്റന്റ് അജയ് ശര്‍മ്മയുടേയും കേണല്‍ തീര്‍ത്ഥങ്കറിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് മരങ്ങള്‍ വീണും മണ്ണൊലിച്ചു തകര്‍ന്ന റോഡുകളിലെ ഗതാഗതം സുഗമമാക്കാന്‍ യത്നിക്കുന്നത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ റോഡില്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി സേന ഭക്ഷണവും നല്‍കി. കേരളാ -കര്‍ണ്ണാടക അതിര്‍ത്തി വനമേഖലയായ മുണ്ടറോട്ടുണ്ടായ ഉരുള്‍ പൊട്ടലില്‍ അഞ്ച് കുടുംബങ്ങളിലെ 14 പേരെ പൊലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. മാക്കൂട്ടം വനഅതിര്‍ത്തിയില്‍ പുറം ലോകത്തെത്താനാവാതെ ഒറ്റപ്പെട്ട മൂന്ന് കുടുംബങ്ങളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മാക്കൂട്ടം-കച്ചേരിക്കടവ് പുഴയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ഇതുവരേയും രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. മലയോര മേഖലകളിലെ പുഴകളെല്ലാം കരകവിഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയിലാണ്.റമദാന്‍ തിരക്കാരംഭിച്ചതോടെ ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളില്‍ യാത്രക്കാര്‍ എത്തുന്നുണ്ട്. ഇന്നലെ മാത്രം നിരവധി വാഹനങ്ങള്‍ പാതി വഴിയില്‍ കുടുങ്ങി. കുടക് വഴിയുള്ള ഗതാഗതം നിലച്ചതോടെ വാഹനങ്ങളെല്ലാം വയനാട്- മാനന്തവാടി വഴിയാണ് കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളിലേക്ക് എത്തുന്നത്.

Previous ArticleNext Article