Kerala, News

വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്നു; ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി

keralanews heavy rain continues in wayanad district the shutter of the banasurasagar dam was lifted

വയനാട്: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടർ 10 സെന്റീമീറ്റർ കൂടി ഉയർത്തി.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഓരോ മണിക്കൂർ ഇടവിട്ടാണ് ഷട്ടറുകൾ തുറക്കുക. മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ കൂടുതലായി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്.ഇതിനോടനുബന്ധിച്ചാണ് ഷട്ടറുകൾ വീണ്ടും ഉയർത്താൻ തീരുമാനിച്ചത്.ഷട്ടർ കൂടുതലായി തുറക്കുമ്പോൾ നീരൊഴുക്ക് സെക്കൻഡിൽ 59 ക്യൂബിക് മീറ്റർ എന്നതിൽ നിന്ന് സെക്കൻഡിൽ 94 ക്യൂബിക് മീറ്റർ വരെ ഘട്ടം ഘട്ടം ആയി കൂടും.അതിനാൽ ഓരോ ഘട്ടത്തിലും കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ഉയരാനുള്ള സാധ്യതയും ഉണ്ട്. ഈ സാഹചര്യത്തിൽ പരിസരവാസികൾ പുഴയിൽ ഇറങ്ങുവാൻ പാടില്ലെന്നും ഇരുകരകളിലും ഉള്ള താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതുകൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർദ്ദേശിച്ചു.

Previous ArticleNext Article