തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കൊല്ലം മുതൽ തൃശ്ശൂർ വരെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും വെള്ളം കയറി. കേരള തീരത്ത് 50 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.നാളെ അർധരാത്രി വരെ പൊഴിയൂർ മുതൽ കാസർഗോഡ് തീരത്ത് വരെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ ഉയരത്തിൽ തിരയുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം വിഴിഞ്ഞത്തു നിന്നും കടലില്‍ കാണാതായ നാലു മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. ശക്തമായ തിരയില്‍ ബോട്ടിന്റെ യന്ത്രം തകരാറിലായതോടെയാണ് ഇവര്‍ കടലില്‍ അകപ്പെട്ടത്.