തിരുവനന്തപുരം:ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 21 വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.താഴ്‌ന്ന പ്രദേശങ്ങള്‍ പാടെ വെള്ളത്തിനടിയിലാണ്. പലയിടത്തും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. തെക്കൻ-മധ്യ കേരളത്തിലാണ് മഴ കൂടുതൽ നാശം വിതച്ചത്.കനത്ത മഴയിൽ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് അഞ്ചുപേരാണ് മരിച്ചത്.അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്.
കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ ഇന്നലെയും ഇന്നു രാവിലെയുമായി മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. മീനച്ചിലാറ്റില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചതോടെ കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മറ്റ് ട്രെയിനുകള്‍ ഈ ഭാഗത്ത് വേഗത കുറച്ചാണ് പോവുന്നത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കോട്ടയത്ത് ഇന്ന് രാവിലെ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അവര്‍ സ്റ്റേഷനില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. നീലിമംഗലം പാലത്തില്‍ വിശദമായ പരിശോധന നടത്തി. വെള്ളത്തിന്റെ വരവ് കുറഞ്ഞാല്‍ മാത്രമേ സംഘം മടങ്ങൂ. വെള്ളത്തിന്റെ വരവ് തുടര്‍ന്നാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ ഇനിയും റദ്ദാക്കേണ്ടിവരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു.കോട്ടയം ജില്ലയിൽ 105 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 2500ഓളം കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. 12,000 ഓളം ആളുകളാണ് ക്യാമ്ബുകളില്‍ കഴിയുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സബ് കളക്ടര്‍മാരും തഹസില്‍ദാര്‍മാരും ക്യാമ്ബുകളില്‍ എത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്.
റദ്ദാക്കിയ ട്രെയിനുകൾ:കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്-തിരുനെല്‍വേലി , തിരുനെല്‍വേലി-പാലക്കാട്, പാലരുവി എക്‌സ്പ്രസ്.