Kerala, News

സംസ്ഥാനത്ത് ദുരന്തം വിതച്ച് അതി ശക്തമായ മഴ തുടരുന്നു;3 മരണം; പുഴകൾ കരകവിഞ്ഞു

keralanews heavy rain continues in the state 3 deaths rivers overflowed

തിരുവനന്തപുരം:സംസ്ഥാനത്ത് ദുരന്തം വിതച്ച് അതി ശക്തമായ മഴ തുടരുന്നു.ഇന്നലെ മുതലുള്ള തോരാത്ത മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. പുലര്‍ച്ചെ മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതിന് പിന്നാലെ കൊല്ലത്ത് ഒരു വയോധികന്‍ തോട്ടില്‍ വീണു മരിക്കുകയായിരുന്നു.കൊല്ലം തെന്‍മല നാഗമല സ്വദേശി ഗോവിന്ദരാജാണ് (65) മരിച്ചത്. വീട്ടിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചു കടക്കവേ തോട്ടില്‍ വീണാണ് അപകടമുണ്ടായത്. തോട് കരകവിഞ്ഞൊഴുകിയതോടെ തോടും റോഡും തിരിച്ചറിയാന്‍ കഴിയാതായതാണ് അപകടത്തിന് കാരണമായത്.മലപ്പുറം കരിപ്പൂര്‍ മാതംകുളത്ത് മുഹമ്മദ്കുട്ടി എന്നയാളുടെ വീട് തകര്‍ന്നാണ്‌ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചത്.മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളായ റിസ്വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്.

മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജില്ലകളിലെ പ്രധാന നദികളിലെല്ലാം ജല നിരപ്പ് ഉയർന്നു.മഴയിൽ ജല നിരപ്പ് ഉയർന്നതോടെ പറമ്പിക്കുളം, അപ്പർ ഷോളയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാത്രി മുതൽ മേഖലകളിൽ വലിയ അളവിലാണ് മഴ ലഭിക്കുന്നത്. ഒരു രാത്രി കൊണ്ട് പുഴയിലെ ജലനിരപ്പ് മീറ്ററുകളോളം ഉയർന്നു. പലയിടത്തും പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. അട്ടപ്പാടി ചുരത്തിൽ പത്താം വളവിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിൽ ഇന്ന് പുലർച്ചെയോടെയാണ് മണ്ണിടിഞ്ഞ് വീണത്. വൻ മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് വീണിട്ടുണ്ട്. ഇവ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലാ- ആക്കട്ടി കെഎസ്ആർടിസി ബസ്സടക്കം നിരവധി വാഹനങ്ങളാണ് മണ്ണിടിച്ചലിനെ തുടർന്ന് ചുരത്തിൽ കുടുങ്ങിയത്.മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ കഴിഞ്ഞ രാത്രിക്ക് സമാനമായി കനത്ത മഴ തുടരുകയാണ്. നെല്ലിപ്പുഴയില്‍ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കഞ്ചിക്കോട്, നെന്മാറ മേഖലയില്‍ ഏക്കര്‍ക്കണക്കിന് നെല്‍കൃഷി വെള്ളത്തിനടിയിലായി.കൊല്ലം ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. മണ്ണ് മാറ്റിയശേഷമാണ് രാവിലെ പാലരുവി എക്‌സ്പ്രസ് കടത്തിവിട്ടത്. ആര്യങ്കാവ് സ്വര്‍ണഗിരിയില്‍ ഉരുള്‍പൊട്ടി. ചേനഗിരി പാലത്തിന്റെ ഒരു വശം തകര്‍ന്നു. അഞ്ചല്‍, കൊട്ടാരക്കര, വാളകം, നിലമേല്‍ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

Previous ArticleNext Article