കണ്ണൂർ:ജില്ലയിൽ കനത്ത മഴ തുടരുന്നു.തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇത് ഇരിട്ടി ഉള്‍പ്പെടെ മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് ഇടയാക്കി.പയഞ്ചേരിയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരവും ഓഫിസ് വരാന്തയും വെള്ളത്തില്‍ മുങ്ങി. ബാവലി, ബാരാപോള്‍ പുഴകളിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നു. പുഴയോര വാസികള്‍ക്കും മലയോരത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലെ വീട്ടുകാര്‍ക്കും പൊലീസും പ്രാദേശിക ഭരണകൂടങ്ങളും ജാഗ്രത നിര്‍ദേശം നല്കി.ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, ആടാംപാറ, വഞ്ചിയം ഭാഗങ്ങളില്‍ മഴ കനക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴകളാകെ കരകവിഞ്ഞിരിക്കുകയാണ്. ചന്ദനക്കാംപാറ ഒന്നാം പാലം വളവില്‍ കനത്ത മണ്ണിടിച്ചിലില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കമ്പിയും ഉള്‍പ്പെടെ പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആടാംപാറ പ്രദേശത്ത് വ്യാപക മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി ശശിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന കാസ്മി തോടിന്റെ കലുങ്കിന്റെ പാര്‍ശ്വഭിത്തിയുള്‍പ്പെടെ തകര്‍ന്നു.ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കാഞ്ഞിരക്കൊല്ലിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും അടച്ചിടുകയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി. രതീശന് അറിയിച്ചു.