മുംബൈ:കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുംബൈയിൽ അഞ്ചുപേർ മരിച്ചു.മുംബൈയിൽ വെള്ളപ്പൊക്കത്തിൽ വീട് ഇടിഞ്ഞു വീണു രണ്ടു കുട്ടികളുൾപ്പെടെ മൂന്നുപേരും താനെയിൽ ഒരു സ്ത്രീയും ഒരു പെൺകുട്ടിയുമാണ് മരിച്ചത്.അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അവശ്യ സർവീസ് സേനാവിഭാഗങ്ങളല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകി.2005 ന് ശേഷം മുംബൈയിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ കാലാവസ്ഥയാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ സമയം വൈകി. സിയോൺ,ദാദർ,മുംബൈ സെൻട്രൽ,കുർള,അന്തേരി,സാകിനാക തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.ദേശീയ ദുരന്ത നിവാരണ സേനയും നാവികസേനാ അധികൃതരും പൂർണ്ണ സജ്ജരാണ്.