തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ,കോട്ടയം, എറണാകുളം,തൃശൂര്‍,തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി, കമ്മട്ടിപ്പാടം ,പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.തിരുവനന്തപുരം ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. അരുവിക്കര ഡാമിന്‍റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 20 സെന്‍റിമീറ്ററും മൂന്നാ നമ്പര്‍ ഷട്ടര്‍ 50 സെന്‍റിമീറ്ററും ഉയര്‍ത്തി.കനത്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും അതിശക്തമായ മഴയാണ്. കോട്ടയത്ത് പടിഞ്ഞാറന്‍ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നു. പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.മരങ്ങള്‍ ഒടിഞ്ഞുവീണ് നിരവധി പ്രദേശങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. മഴ കനത്തതോടെ ശക്തമായ തിരമാല ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ പശ്ചാത്തലത്തില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.